Wednesday, May 27, 2015

micro level infermation on soil

മൈക്രോ ലെവല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം രാജ്യത്തിന് മാതൃക - ഗവര്‍ണര്‍
ഓരോ കൃഷിയിടത്തിലെയും മണ്ണിന്റെ പ്രത്യേകതകളെക്കുറിച്ച് കര്‍ഷകന് വെബ്‌സൈറ്റിലൂടെ വിവരം ലഭ്യമാക്കുന്ന മൈക്രോ ലെവല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഓണ്‍ സോയില്‍സ് ഓഫ് കേരള രാജ്യത്തിന് മാതൃകയാണെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം പറഞ്ഞു. കേരളത്തിലെ കാലാവസ്ഥയും പ്രകൃതിഭംഗിയും സംരക്ഷിക്കേണ്ടത് ഓരോ മലയാളിയുടെയും കടമയാണെന്നും ഗവര്‍ണര്‍ പറഞ്ഞു. വന നശീകരണം, അതിവേഗമുളള നഗരവത്കരണം, കൃഷിയേതര ഉപയോഗം എന്നിവമൂലം കൃഷിഭൂമി നശിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയാണുള്ളതെന്നും ഗവര്‍ണര്‍ പറഞ്ഞു. സംസ്ഥാന മണ്ണ് പര്യവേക്ഷണ സംരക്ഷണ വകുപ്പ് പുറത്തിറക്കിയ മൈക്രോ ലെവല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഓണ്‍ സോയില്‍സ് ഓഫ് കേരള എന്ന വെബ്‌സൈറ്റിന്റെ പ്രകാശനം വി.ജെ.ടി ഹാളില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സോയില്‍ ആന്‍ഡ് ലാന്‍ഡ് റിസോഴ്‌സസ് ഓഫ് കോലഴി പഞ്ചായത്ത് എന്ന പുസ്തകം പഞ്ചായത്ത് പ്രതിനിധി എന്‍.എ. സാബു ഗവര്‍ണറില്‍ നിന്ന് ഏറ്റുവാങ്ങി. ഐഐആര്‍എസ് - എഡ്യൂസാറ്റ് കോഴ്‌സ് സര്‍ട്ടിഫിക്കറ്റുകളും ഗവര്‍ണര്‍ വിതരണം ചെയ്തു. ചടങ്ങില്‍ മന്ത്രിമാരായ കെ.പി.മോഹനന്‍, വി.എസ്.ശിവകുമാര്‍, മണ്ണ് പരിവേക്ഷണ സംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ.പി.എന്‍.പ്രേമചന്ദ്രന്‍, കാര്‍ഷിക സര്‍വ്വകലാശാല വൈസ്ചാന്‍സിലര്‍ ഡോ. പി.രാജേന്ദ്രന്‍ സോയില്‍ സര്‍വ്വേ ജോയിന്റ് ഡയറക്ടര്‍ വി.കെ.സുരേഷ്‌കുമാര്‍ എന്നിവര്‍ പങ്കെടുത്തു. 2015 യു.എന്‍.ജനറല്‍ അസംബ്ലി അന്താരാഷ്ട്ര മണ്ണ് വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാന മണ്ണ് പര്യവേക്ഷണ സംരക്ഷണവകുപ്പ് ഈ സംരംഭം ആരംഭിച്ചത്. കര്‍ഷകര്‍ക്ക് സര്‍വേ നമ്പര്‍ അടിസ്ഥാനത്തില്‍ മണ്ണിനെക്കുറിച്ചുളള സൂക്ഷ്മതല വിവരങ്ങള്‍ 1:5000 സ്‌കെയിലില്‍ പ്രദാനം ചെയ്യുകയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. ഓരോ കൃഷിയിടത്തിലേയും ഭൂവിനിയോഗം, മണ്ണിന്റെ രചന, ആഴം, മണ്ണൊലിപ്പിന്റെ തീവ്രത, ഭൂക്ഷമത, ജലസേചനക്ഷമത, വിള അനുയോജ്യത, ഫലഭൂയിഷ്ഠത, അമ്ലത/ക്ഷാരത, മണ്ണിലടങ്ങിയിരിക്കുന്ന ആവശ്യ സൂക്ഷ്മ മൂലകങ്ങളുടെ അളവ്, നിലം നികത്തലിന്റെ തോത് എന്നീ വിവരങ്ങള്‍ ജി.ഐ.എസ്. സാങ്കേതികവിദ്യയുടെ സഹായത്തോടെ 24 ലെയറുകളായി ആവിഷ്‌കരിച്ചിരിക്കുന്നു. ഈ വിവരങ്ങള്‍ ഉപയോക്താക്കള്‍ക്ക് വകുപ്പിന്റെ വെബ്‌സൈറ്റായwww.keralasoils.gov.in ല്‍ ലഭിക്കുന്നതാണ്. ഇതിന്റെ പ്രാരംഭഘട്ടമായി തൃശ്ശൂര്‍ ജില്ലയിലെ 88 പഞ്ചായത്തുകള്‍, വയനാട് ജില്ലയിലെ 25 പഞ്ചായത്തുകള്‍, ഒരു മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ വിവരങ്ങളാണ് ലഭ്യമാക്കുന്നത്. 

Monday, May 25, 2015

vanami prone

കുഫോസ് നടത്തുന്ന വനാമി ചെമ്മീന്‍കൃഷി വിജയത്തിലേക്ക് കൃഷിരീതികള്‍ തിരഞ്ഞെടുത്ത കര്‍ഷകര്‍ക്ക് പരിചയപ്പെടുത്തി
കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാല (കുഫോസ്) സംസ്ഥാനത്ത് ആദ്യമായി പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച വനാമി ചെമ്മീന്‍ കൃഷി വിജയത്തിലേക്ക്. ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കിയിരുന്ന കൃഷി ആരംഭിച്ച് 70 ദിവസത്തിന് ശേഷം പരിശോധന നടത്തിയപ്പോള്‍ നാല് കുളങ്ങളിലായി 80 ശതമാനത്തിലധികം അതിജീവന നിരക്കില്‍ ഏകദേശം ഒന്നേക്കാല്‍ ടണ്ണോളം തൂക്കത്തില്‍ വനാമി ചെമ്മീന്‍ വളര്‍ച്ച നേടിയതായി കണ്ടെത്തി. കൃഷിയുടെ ഇതുവരെയുള്ള ഘട്ടങ്ങളില്‍, കേരളത്തിന്റെ കാലാവസ്ഥയിലും ഓരുജലപ്രത്യേകതകള്‍ക്കും പൂര്‍ണ്ണമായും ഇണങ്ങുന്നതാണ് വനാമി ചെമ്മീനെന്ന് തെളിഞ്ഞിരിക്കുകയാണ്. ഈ കണക്കെടുപ്പനുസരിച്ച് പരീക്ഷണാടിസ്ഥാനത്തിലുള്ള വനാമി ചെമ്മീന്‍കൃഷി വന്‍വിജയമാകുമെന്നാണ് പ്രതീക്ഷ. മറ്റു ചെമ്മീന്‍കൃഷിരീതികളില്‍ നിന്ന് വ്യത്യസ്തമാണ് വനാമിചെമ്മീന്‍ കൃഷി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് തിരഞ്ഞെടുത്ത കര്‍ഷകര്‍ക്ക് കൃഷിരീതികള്‍ പരിചയെപ്പടുത്തുന്നതിനും ഫാം സന്ദര്‍ശനമടക്കമുള്ള പരിശീലനത്തിന്റെ ഭാഗമായാണ് രണ്ട് മാസം തികഞ്ഞ വനാമികൃഷിയുടെ പരിശോധന നടത്തിയത്. ചെന്നൈ ആസ്ഥാനമായുള്ള കോസ്റ്റല്‍ അക്വാകള്‍ച്ചര്‍ അതോറിറ്റിയുടെ (സി എ എ) ലൈസന്‍സോടു കൂടി കേരളത്തില്‍ ആദ്യമായി കുഫോസ് ആരംഭിച്ച വനാമി ചെമ്മീന്‍ കൃഷി സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കുകൂടി വ്യാപിപ്പിക്കാന്‍ സര്‍വകലാശാല തീരുമാനിച്ചിരുന്നു. കുഫോസിന്റെ പുതുവൈപ്പിനിലുള്ള ഫിഷറീസ് സ്റ്റേഷനിലാണ് കൃഷി നടന്നുകൊണ്ടിരിക്കുന്നത്. പരിശീലനപരിപാടി വൈസ്ചാന്‍സലര്‍ പ്രൊഫ. ബി മധുസൂദനക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. അടുത്ത അഞ്ച് വര്‍ഷംകൊണ്ട് കേരളത്തില്‍ വനാമി വിപ്ലവംതന്നെ ഉണ്ടാകുമെന്നും ചെമ്മീന്‍കൃഷിയില്‍ സംസ്ഥാനത്തിന് പഴയപ്രതാപം തിരിച്ചുപിടിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ മൂന്ന് ലക്ഷം ടണ്‍ ഉല്‍പാദനമുള്ള വനാമി 2016 ഓടുകൂടി ഉല്‍പാദനം 5 ലക്ഷമായി വര്‍ധിപ്പിക്കാനാകും. താരതമ്യേന അസുഖബാധ സാധ്യത കുറവുള്ള വനാമികൃഷി, കര്‍ഷകര്‍ ഏറ്റെടുത്ത് നടത്തിയാല്‍ മാത്രമേ സംസ്ഥാനത്തിന് മുന്നേറ്റം നടത്താനാകൂവെന്നും വൈസ്ചാന്‍സലര്‍ പറഞ്ഞു. സിഎഎ മെംബര്‍ സെക്രട്ടറി ഡോ. പി. രവിചന്ദ്രന്‍, കേന്ദ്ര ഓരുജലമത്സ്യകൃഷി ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. കെ.കെ. വിജയന്‍, എംപിഇഡിഎ ഡെപ്യൂട്ടി ഡയറക്ടര്‍ എം. ഷാജി, എറണാകുളം കൃഷിവിജ്ഞാന കേന്ദ്രം ശാസ്ത്രജ്ഞന്‍ വികാസ് എന്നിവര്‍ വനാമികൃഷിരീതികളെക്കുറിച്ചും ലൈസന്‍സ് ലഭിക്കുന്നതിന് സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും കര്‍ഷകരെ ബോധവല്‍ക്കരണം നടത്തി. കുഫോസിലെ വിജ്ഞാനവ്യാപന വിഭാഗം ഡയറക്ടര്‍ ഡോ. ഡെയസി കാപ്പന്‍ സ്വാഗതവും ഡോ. കെ. ദിനേശ് നന്ദിയും പറഞ്ഞു. അടുത്ത ജൂണ്‍ അവസാനവാരത്തോടെ പരീക്ഷണാടിസ്ഥാനത്തിലുള്ള വനാമികൃഷി വിളവെടുക്കാനാകും.