Monday, September 26, 2011

പനവര്‍ഗ്ഗ ഗവേഷണ പദ്ധതി ദ്വൈവാര്‍ഷിക സമ്മേളനം സമാപിച്ചു
സി പി സി ആര്‍ ഐ യില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്നുവരുന്ന അഖിലേന്ത്യാ ഏകോപിത പനവര്‍ഗ്ഗ വിള ഗവേഷണ പദ്ധതിയുടെ ദ്വൈവാര്‍ഷിക സമ്മേളനം സമാപിച്ചു. സമാപന സമ്മേളനത്തില്‍ ഐ സി എ ആര്‍ അസി. ഡയറക്ടര്‍ ജനറല്‍ ഡോ. എസ് രാജന്‍ അദ്ധ്യക്ഷത വഹിച്ചു. സമ്മേളനം അടുത്ത രണ്ട് വര്‍ഷങ്ങളിലേക്കുളള പ്രവര്‍ത്തന പരിപാടികള്‍ക്ക് രൂപം നല്‍കി. കേരളം ഉള്‍പ്പെടെയുളള ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ക്ക് അനുയോജ്യമായ എണ്ണപ്പനയുടെ സങ്കര ഇനങ്ങള്‍ സമ്മേളനം ശുപാര്‍ശ ചെയ്തു. കേരാധിഷ്ഠിത ബഹുവിള കൃഷി മാതൃകകളും സമ്മേളനം നിര്‍ദ്ദേശിച്ചു. നോനി ഉള്‍പ്പെടെയുളള ഔഷധ ചെടികള്‍ തെങ്ങിന്‍ തോപ്പില്‍ ആദയകരമായി കൃഷി ചെയ്യാവുന്നതാണ്. ഇടവിളയായി കൃഷി ചെയ്യുന്നതിനാവശ്യമായ കൊക്കോ ഇനങ്ങള്‍, പുഷ്പ ചെടികള്‍, എന്നിവയുടെ പഠനം നടത്താനും തീരുമാനിച്ചു. തെങ്ങിനെ ബാധിക്കുന്ന കൊമ്പന്‍ ചെല്ലി, ചെമ്പന്‍ ചെല്ലി എന്നിവയ്ക്കെതിരെ ഫിറമോണ്‍ കെണി ഉപയോഗിച്ചുളള നിയന്ത്രണ ഗവേഷണ പദ്ധതികളും ഏറ്റെടുക്കും. കാറ്റ് വീഴ്ച്ച രോഗ നിയന്ത്രണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഗവേഷകര്‍, കൃഷി - ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം സംഘടിപ്പിക്കും. വിവിധ കാര്‍ഷിക കാലാവസ്ഥ സാഹചര്യങ്ങള്‍ക്ക് യോജിച്ച ഇനങ്ങള്‍, നാടന്‍ ജനങ്ങളെ ഉപയോഗപ്പെടുത്തി സങ്കരയിനങ്ങള്‍ വികസിപ്പിച്ചെടുക്കല്‍, കാലാവസ്ഥ വ്യതിയാനം മൂലമുളള ആഘാതം കുറക്കുന്നതിന് യോജിച്ച വിള പരിപാലന സമ്പ്രദായങ്ങള്‍ വികസിപ്പിച്ചെടുക്കല്‍, ജൈവിക നിയന്ത്രണ രീതികള്‍ക്ക് പ്രാമുഖ്യം നല്‍കിക്കൊണ്ടുളള കീടരോഗ നിയന്ത്രണം, ഉല്‍പ്പന്ന വൈവിദ്ധ്യ വല്‍ക്കരണം എന്നീ സമീപനങ്ങളിലൂന്നിയുളള ഭാവി ഗവേഷണ പദ്ധതികള്‍ക്കും സമ്മേളനം രൂപം നല്‍കി. രാജ്യത്തെ 20 ഗവേഷണ കേന്ദ്രങ്ങളില്‍ നിന്നായി 80 ഗവേഷകര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. തെങ്ങ്, എണ്ണപ്പന എന്നിവ ഉള്‍പ്പെടുന്ന പനവര്‍ഗ്ഗങ്ങളില്‍ വിവിധ ഗവേഷണ പദ്ധതികളുടെ പുരോഗതി സമ്മേളനം വിലയിരുത്തി. സമാപന സമ്മേളനത്തില്‍ സി പി സി ആര്‍ ഐ ഡയറക്ടര്‍ ഡോ. ജോര്‍ജ് വി തോമസ് സ്വാഗതം ആശംസിച്ചു. ഡോ. എച്ച് മഹേശ്വരപ്പ നന്ദി പറഞ്ഞു.

No comments:

Post a Comment